Office Bearers


ഭാരവാഹികൾ

MADHU NV
സ്റ്റേറ്റ് പ്രസിഡൻഡ്
SHINOJ PAPPACHAN
ജൻ. സെക്രട്ടറി
SHAJU CC
ഓർഗനൈസിംഗ് സെക്രട്ടറി
AJU KURIAN
ട്രഷറർ

Friday, April 12, 2019

Medisep


*ആറു ലക്ഷം രൂപ വരെ മെഡിക്കല്‍ കവറേജ് - മെഡിസെപ്പ് ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിയേണ്ടതെല്ലാം*


സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പിലാക്കുന്ന മെഡിസെപ്പ് പദ്ധതി ഏപ്രില്‍ മാസത്തോടെ ആരംഭിക്കാനിരിക്കുകയാണ് കേരള സര്‍ക്കാര്‍. ഇതിനു വേണ്ടിയുള്ള വിവര ശേഖരണം മാസങ്ങള്‍ക്കു മുമ്പേ തുടങ്ങിക്കഴിഞ്ഞു. ചികില്‍സാ ചെലവുകള്‍ കുതിച്ചുയരുന്ന ഇക്കാലത്ത് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വലിയ ആശ്വാസമാവും മെഡിസെപ്പ് പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

*എന്താണ് മെഡിസെപ്പ്?*
മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സ്‌കീം ഫോര്‍ സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് എന്നാണ് മെഡിസെപ്പ് എന്നതിന്റെ പൂര്‍ണ രൂപം. പത്താമത്തെ ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഇന്‍ഷൂറന്‍സ് പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്.

*പദ്ധതിയിലെ അംഗങ്ങള്‍*
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, എയിഡഡ് സ്‌കൂളിലെയും കോളേജിലെയും അധ്യാപകരും മറ്റു ജീവനക്കാരും, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, യൂനിവേഴ്‌സിറ്റി ജീവനക്കാര്‍ എന്നിവര്‍ നിര്‍ബന്ധമായും പദ്ധതിയില്‍ അംഗത്വമെടുക്കണമെന്നാണ് ചട്ടം. കേരളത്തില്‍ സേവനമനുഷ്ഠിക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് അംഗത്വമെടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യാം. സംസ്ഥാനത്തെ അഞ്ച് ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അഞ്ച് ലക്ഷം പെന്‍ഷന്‍കാര്‍ക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കും.

*പ്രീമിയം തുക 300 രൂപ*
ഇന്‍ഷൂറന്‍സ് പദ്ധതി അംഗങ്ങള്‍ പ്രതിമാസം 300 രൂപയാണ് പ്രീമിയം ആയി നല്‍കേണ്ടത്. ഈ തുക സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കും. പെന്‍ഷന്‍കാരുടെ മെഡിക്കല്‍ അലവന്‍സ് ഇന്‍ഷൂറന്‍സ് പ്രീമിയമായി കണക്കാക്കി അത് കുറവ് ചെയ്താണ് പെന്‍ഷന്‍ തുക വിതരണം ചെയ്യുക.

*മൂന്നു വര്‍ഷം ആറു ലക്ഷം*
മൂന്നു വര്‍ഷത്തേക്ക് ആറു ലക്ഷം രൂപയുടെ കവറേജാണ് മെഡിസെപ്പ് വാഗ്ദാനം ചെയ്യുന്നത്. അതായത് ഓരോ വര്‍ഷത്തിനും രണ്ടു ലക്ഷം രൂപ വീതം. ചെലവേറിയ ചികില്‍സ ആവശ്യമായ ഹൃദയം, വൃക്ക സംബന്ധമായ ചില ഗുരുതര രോഗങ്ങള്‍ക്ക് 12 ലക്ഷം വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.

*ആര്‍ക്കൊക്കെ കവറേജ് ലഭിക്കും?*
ഇന്‍ഷൂറന്‍സ് പദ്ധതിയിലെ അംഗങ്ങള്‍ക്കു പുറമെ അവരുടെ ആശ്രിതര്‍ക്കും പരിരക്ഷ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാരോ പെന്‍ഷന്‍കാരോ അല്ലാത്ത ഭാര്യ/ഭര്‍ത്താവ്, 25 വയസ്സ് തികയാത്തവരും വിവാഹിതരല്ലാത്തവരുമായ മക്കള്‍, ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന മക്കള്‍ (ഇവര്‍ക്ക് പ്രായപരിധി ബാധകമല്ല) എന്നിവര്‍ക്കും മെഡിസെപ്പ് പ്രകാരമുള്ള പരിരക്ഷ ലഭിക്കും?

*ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങള്‍*
കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന, സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിവയില്‍ നല്‍കുന്ന ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് മെഡിസെപ്പിന്റെയും ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ എന്തൊക്കെയെന്ന് തീരുമാനിക്കുക.

*ചികില്‍സ എവിടെയൊക്കെ ലഭിക്കും?*
റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി തുടങ്ങിയവയ്ക്കു പുറമെ എല്ലാ ജില്ലയിലെയും പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും കകവറേജ് ലഭിക്കും. സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ അല്ലാത്തവയില്‍ ചുരുങ്ങിയത് 50 പേരെ കിടത്തിച്ചികില്‍സിക്കാനുള്ള സൗകര്യം, വിവിധ മെഡിക്കല്‍ വിഭാഗങ്ങളുടെ ലഭ്യത തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ആശുപത്രികളെ പദ്ധതിയിലേക്ക് പരിഗണിക്കുക. അടിയന്തര ഘട്ടങ്ങളില്‍ പദ്ധതിക്കു പുറത്തുള്ള ആശുപത്രികളിലെ ചികില്‍സയ്ക്കുള്ള പരിരക്ഷയും നിബന്ധനകള്‍ക്കു വിധേയമായി ലഭിക്കും.

*പരിരക്ഷ എന്തിനൊക്കെ?*
ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ന്നതു മുതലുള്ള ചികില്‍സയ്ക്കായിരിക്കും അംഗങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുക. എന്നാല്‍ അതിനു മുമ്പേ നിലനില്‍ക്കുന്ന അസുഖങ്ങള്‍ക്കുള്ള ചികില്‍സയും മെഡിസെപ്പിന്റെ പരിധിയില്‍ വരും. ശസ്ത്രക്രിയ തുടങ്ങിയ കേസുകളില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നതിന് 30 ദിവസം മുമ്പ് വരെയും ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം രണ്ട് മാസം വരെയുമുള്ള ചികില്‍സാ ചെലവുകളും ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടും. ചുരുങ്ങിയത് 24 മണിക്കൂര്‍ നീളുന്ന ഇന്‍പേഷ്യന്റ് മെഡിക്കല്‍ സേവനങ്ങള്‍ക്കാണ് പരിരക്ഷ നല്‍കുകയെങ്കിലും അടിയന്തര സന്ദര്‍ഭങ്ങളില്‍ അതില്‍ കുറഞ്ഞ സമയം ആവശ്യമായ ചികില്‍സയും പരിഗണിക്കപ്പെടും. ഒപി ചികില്‍സയ്ക്ക് കവറേജില്ല.

*അവധിയിലുള്ള ജീവനക്കാര്‍*
ഒരു വര്‍ഷം വരെയുള്ള വേതനമില്ലാ അവധിയില്‍ പോകുന്ന ജീവനക്കാര്‍ക്ക് അത്രയും കാലത്തെ പ്രീമിയം തുക അഡ്വാന്‍സായി അടച്ച് പദ്ധതിയില്‍ തുടരാം. അതില്‍ കൂടുതലുള്ളവര്‍ക്ക് പോളിസിയില്‍ തുടരാനുള്ള അര്‍ഹത അവധിയില്‍ പ്രവേശിക്കുന്നതോടെ ഇല്ലാതാകും. ഈ കാലയളവില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുകയില്ലെന്നര്‍ഥം. അവര്‍ തിരികെ പ്രവേശിച്ച ശേഷം വീണ്ടും പദ്ധതിയില്‍ ചേരാം.

*ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍*
എന്തെങ്കിലും ഗുരുതരമായ കാരണങ്ങളാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് അതോടെ ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ക്കുള്ള അര്‍ഹതയും ഇല്ലാതാവും. സസ്‌പെന്‍ഷന് വിധേയരാവുന്നവര്‍ക്ക് പോളിസിയില്‍ തുടരാം. അവര്‍ക്ക് ഈ കാലയളവില്‍ നല്‍കുന്ന സബ്‌സിസ്റ്റന്‍സ് അലവന്‍സില്‍ നിന്ന് പ്രീമിയം തുക പിടിക്കും.

*പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്*
മെഡിസെപ്പ് അംഗങ്ങള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. പെര്‍മനന്റ് എംപ്ലോയീ നമ്പര്‍ (പെന്‍), പെന്‍ഷന്‍ പെയ്‌മെന്റ് ഓര്‍ഡര്‍ നമ്പര്‍ (പിപിഒ) എന്നിവയ്‌ക്കൊപ്പം യൂനീക്ക് ഇന്‍ഷൂറന്‍സ് ഐഡെന്റിഫിക്കേഷന്‍ നമ്പര്‍ കൂടി അടങ്ങിയതായിരിക്കും ഇന്‍ഷൂറന്‍സ് കമ്പനി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്. ഇത് ഉപയോഗിച്ചാണ് ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുക.

*പരാതി പരിഹാര കമ്മിറ്റികള്‍*
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കു വേണ്ടി സേവനസന്നദ്ധരായി പ്രവര്‍ത്തിക്കും. ജില്ലാ-സംസ്ഥാന തലങ്ങളില്‍ പരാതി പരിഹാര കമ്മിറ്റികളുണ്ടാകും. തര്‍ക്കങ്ങള്‍ ഇവിടെയും പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ അപ്പേറ്റ് അതോറിറ്റിയെ സമീപിക്കാം. ജില്ലാ കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ഇന്‍ഷൂറന്‍സ് കമ്പനി പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് ജില്ലാതല പരാതിപരിഹാര കമ്മിറ്റി.

*നിലവില്‍ ചെലവാക്കുന്നത് കോടികള്‍*
നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ആരോഗ്യ സംരക്ഷണ രംഗത്ത് സര്‍ക്കാര്‍ കോടികള്‍ ചെലവാക്കുന്നുണ്ട്. 1960ലെ കേരള ഗവ. സര്‍വന്റ്‌സ് മെഡിക്കല്‍ അറ്റന്റന്റ് റൂള്‍സ് പ്രകാരമാണിത്. മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ്, പലിശ രഹിത മെഡിക്കല്‍ അഡ്വാന്‍സ്, പെന്‍ഷന്‍കാര്‍ക്ക് 300 രൂപയുടെ മെഡിക്കല്‍ അലവന്‍സ് തുടങ്ങിയവയ്ക്കായി വര്‍ഷത്തില്‍ 230 കോടിയിലേറെ രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്.

*ഇന്‍ഷൂറന്‍സ് കമ്പനി*
മെഡിസെപ്പ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഇന്‍ഷൂറന്‍സ് കമ്പനിയെ മല്‍സരാധിഷ്ഠിത ടെണ്ടര്‍ വഴിയാണ് തീരുമാനിക്കുക. ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് 2019 ഏപ്രില്‍ മാസത്തോടെ പദ്ധതി ആരംഭിക്കാനാണ് തീരുമനാനം. കൂടുതല്‍ വിവരങ്ങള്‍ http://medisep.kerala.gov.in/

No comments:

Post a Comment